Saturday, July 26, 2008

പൂജ്യം


ഒന്നാം വിരലിന്‌ ഒന്ന്‌,
രണ്ടാം വിരലിന്‌ രണ്ട്‌,
ഓരോ വിരലും മടക്കി
കുട്ടിയങ്ങനെ ഒന്‍പതു വരെയെഴുതി
പിന്നെ,
പത്താം വിരലിന്‌ ലിപിയറിയാതെ
മുത്തച്ഛനോട്‌ ചോദിച്ചു:
എങ്ങനെയെഴുതും?
മുത്തച്ഛന്‍ എഴുതിക്കൊടുത്തു,
ഒന്നിന്റെയും, പൂജ്യത്തിന്റെയും
ഒരു പത്ത്‌
കുട്ടിക്ക്‌ കൗതുകമായി
അവനാദ്യമായാണ്‌
പൂജ്യത്തെ തൊടുന്നത്‌
പക്ഷേ,
പെട്ടെന്ന്‌ കുട്ടിയുടെ കൗതുകം മാഞ്ഞു
ഒന്നും പൂജ്യവും
രണ്ടായി മാറിനില്‍ക്കുന്ന
പത്തിനെക്കണ്ട്‌
കുട്ടിക്ക്‌ പരിഭ്രമം തോന്നി
മുത്തച്ഛന്‍ കാണാതെ കുട്ടി,
ഒന്നിനെ പൂജ്യത്തിന്‌ മേലും
പൂജ്യത്തെ ഒന്നിന്‌ മേലും
മാറ്റി മാറ്റി വച്ചു നോക്കി
പക്ഷെ ഒന്നും കുട്ടിക്കിഷ്‌ടമായില്ല
എന്നിട്ടും
മുത്തച്ഛനെഴുതിക്കൊടുത്ത,
വേറിട്ടു നില്‍ക്കുന്ന ഒന്നിന്റെയും
പൂജ്യത്തിന്റെയും
പത്തിനെ സ്വീകരിക്കാന്
‍അവനായില്ല
അവനുവേണ്ടത്‌
ഒറ്റയക്കത്തിന്റെ മാത്രം
ഒരു പത്തായിരുന്നു.
മടക്കാനാവാത്ത തന്റെ പത്താം വിരലിലും
അതിന്റെ നമ്പരെഴുതേണ്ട
ഒഴിഞ്ഞ ഇടത്തിലും നോക്കിയിരുന്ന്‌
ഒറ്റയക്കത്തിന്റെ ഒരു പത്തിന്‌ വേണ്ടി
തപിച്ച്‌ തളര്‍ന്ന്‌
ഒടുവില്‍ കുട്ടി മുത്തച്ഛനോട്‌ ചോദിച്ചു.?
എല്ലാം ഒന്നല്ലേ
പിന്നെ ഒമ്പതും പത്തുമെന്തിന്‌ ? ?
അപ്പോഴാണ്‌മുത്തച്ഛന്‌ കാര്യം മനസിലായത്‌.
മുത്തച്ഛന്‍ ചിരിച്ചുകൊണ്ട്‌ ചോദിച്ചു: ?
എല്ലാമൊന്നെങ്കില്‍ പിന്നെ -
ഒന്നുമെന്തിന്‌ ??
കുട്ടിയപ്പോള്‍ തെളിഞ്ഞ്‌ ചിരിച്ചു;
മുത്തച്ഛനും.

പിന്നെ -
അവരങ്ങനെ ചിരിച്ച്‌ ചിരിച്ച്‌...
ചിരിച്ച്‌ ചിരിച്ച്‌...

No comments: