Thursday, August 21, 2008

നിശബ്‌ദം

ആകാശചാരികളുടെ ഇടത്താവളത്തിലിരുന്ന്‌,
കാപ്പിയും വിരഹശ്രുതികളും നുണഞ്ഞ്‌,
നമ്മള്‍.....
നീ ഇരുണ്ട്‌ കൂടിയിരുന്നു.
നിന്റെ നിശബ്‌ദത വിറയ്‌ക്കുന്നുണ്ടായിരുന്നു.
എന്റെ കാടുകള്‍ക്ക്‌ തീ പിടിക്കുന്നുണ്ടെന്ന്‌,
എന്റെ പുഴകളിലുരുള്‍പൊട്ടുന്നുണ്ടെന്ന്‌
അപ്പോള്‍ നീയറിഞ്ഞിരുന്നു.
മൗനം തന്നെയായിരുന്നല്ലോനമുക്കെപ്പോഴും ഭാഷ
എന്റെ വരണ്ടമണ്ണില്‍
നീ വരച്ചിട്ട വിരല്‍ചിത്രങ്ങള്
‍അതില്‍നീ നട്ടുവളര്‍ത്തിയ പേരറിയാക്കാട്‌
നീ പെയ്‌ത മഴക്കാലങ്ങള്
‍ഒന്നും തിരികെ ചോദിക്കാനാവില്ലെന്ന്‌
അപ്പോള്‍ നിനക്കറിയാമായിരുന്നു.
മടക്കിത്തരാനാവില്ലെന്ന്‌ എനിക്കും.
അത്‌ കൊണ്ട്‌നിന്റെ വിമാനത്തിന്‌ കാത്ത്‌
നമ്മള്‍ നിശബ്‌ദരായി.
ഇടയ്‌ക്കെപ്പൊഴോ നീയെന്തോ പറഞ്ഞിരുന്നു
എവിടെയോ കൂടുങ്ങി
ആ വാക്കിന്റെ ഉടല്‍ മുറിഞ്ഞിരുന്നത്‌ കൊണ്ട്‌
ഞാനത്‌ വ്യക്തമായി കേട്ടില്ല
എങ്കിലും,
ആ വാക്ക്‌-ഇനിയും നീ ഉച്ചരിക്കാതിരുന്നെങ്കിലെന്ന്‌
ഞാനപ്പോള്‍ പ്രാര്‍ത്ഥിച്ചു.
കാരണം അതില്‍ നിന്ന്‌ ചോരചീറ്റുന്നുണ്ടായിരുന്നു.
ഇന്ന്‌, നീ ഉപേക്ഷിച്ചു പോയ
നിന്റെ വളര്‍ത്ത്‌ കാടിന്റെ തീരങ്ങളില്‍ നിന്ന്‌
ഞാനൊരുപാട്‌ നടന്നിരക്കുന്നു.
എങ്കിലും നിന്റെ കാടിന്റെ സൗമ്യഋതുക്കളെ സ്വപ്‌നം കണ്ട്‌,
അതിന്റെ സുഗന്ധങ്ങള്‍ മണത്ത്‌
ഇന്നും ഞാന്‍ നിന്നെയോര്‍ക്കുന്നു
പിന്നെനീ സമ്മാനിച്ച ഏതോ മണ്ണിന്റെ പുഴകളിലൂടെ
എന്റെ കപ്പലോട്ടങ്ങള് ‍
അതിന്റെ കാട്ടുവഴികളിലൂടെ
എന്റെ വേട്ടകള്‍
നിന്റെ ആകാശങ്ങളില്
‍എന്റെ രാത്രി സഞ്ചാരങ്ങള്‍
എനിക്ക്‌ ചുറ്റും നിന്റെ മാത്രം ഗന്ധങ്ങള്‍....
വാക്കിടറിയത്‌ കൊണ്ടല്ല
വിരല്‍ മുറിയുന്നതു കൊണ്ടാണ്‌ നിര്‍ത്തുന്നത്‌.
ഓ അത്‌ പറഞ്ഞില്ലല്ലോ
നീ മറന്ന കോഴിക്കുഞ്ഞുങ്ങള്‍
മുത്തിമാരായതറിഞ്ഞില്ലല്ലോ
നീ നട്ടചെറുനാരകം
പൂക്കാന്‍ തുടങ്ങിയതുമറിഞ്ഞില്ലല്ലോ.
നിന്റെ പൂച്ചക്കുറിഞ്ഞി പുഴമുങ്ങിമറഞ്ഞതും
നിന്റെ കുഞ്ഞാടിനെ അറവുകാരനെടുത്തതും മാത്രം
പക്ഷേ, നിന്നെ ഞാനറിയിക്കില്ല.

Saturday, July 26, 2008

പൂജ്യം


ഒന്നാം വിരലിന്‌ ഒന്ന്‌,
രണ്ടാം വിരലിന്‌ രണ്ട്‌,
ഓരോ വിരലും മടക്കി
കുട്ടിയങ്ങനെ ഒന്‍പതു വരെയെഴുതി
പിന്നെ,
പത്താം വിരലിന്‌ ലിപിയറിയാതെ
മുത്തച്ഛനോട്‌ ചോദിച്ചു:
എങ്ങനെയെഴുതും?
മുത്തച്ഛന്‍ എഴുതിക്കൊടുത്തു,
ഒന്നിന്റെയും, പൂജ്യത്തിന്റെയും
ഒരു പത്ത്‌
കുട്ടിക്ക്‌ കൗതുകമായി
അവനാദ്യമായാണ്‌
പൂജ്യത്തെ തൊടുന്നത്‌
പക്ഷേ,
പെട്ടെന്ന്‌ കുട്ടിയുടെ കൗതുകം മാഞ്ഞു
ഒന്നും പൂജ്യവും
രണ്ടായി മാറിനില്‍ക്കുന്ന
പത്തിനെക്കണ്ട്‌
കുട്ടിക്ക്‌ പരിഭ്രമം തോന്നി
മുത്തച്ഛന്‍ കാണാതെ കുട്ടി,
ഒന്നിനെ പൂജ്യത്തിന്‌ മേലും
പൂജ്യത്തെ ഒന്നിന്‌ മേലും
മാറ്റി മാറ്റി വച്ചു നോക്കി
പക്ഷെ ഒന്നും കുട്ടിക്കിഷ്‌ടമായില്ല
എന്നിട്ടും
മുത്തച്ഛനെഴുതിക്കൊടുത്ത,
വേറിട്ടു നില്‍ക്കുന്ന ഒന്നിന്റെയും
പൂജ്യത്തിന്റെയും
പത്തിനെ സ്വീകരിക്കാന്
‍അവനായില്ല
അവനുവേണ്ടത്‌
ഒറ്റയക്കത്തിന്റെ മാത്രം
ഒരു പത്തായിരുന്നു.
മടക്കാനാവാത്ത തന്റെ പത്താം വിരലിലും
അതിന്റെ നമ്പരെഴുതേണ്ട
ഒഴിഞ്ഞ ഇടത്തിലും നോക്കിയിരുന്ന്‌
ഒറ്റയക്കത്തിന്റെ ഒരു പത്തിന്‌ വേണ്ടി
തപിച്ച്‌ തളര്‍ന്ന്‌
ഒടുവില്‍ കുട്ടി മുത്തച്ഛനോട്‌ ചോദിച്ചു.?
എല്ലാം ഒന്നല്ലേ
പിന്നെ ഒമ്പതും പത്തുമെന്തിന്‌ ? ?
അപ്പോഴാണ്‌മുത്തച്ഛന്‌ കാര്യം മനസിലായത്‌.
മുത്തച്ഛന്‍ ചിരിച്ചുകൊണ്ട്‌ ചോദിച്ചു: ?
എല്ലാമൊന്നെങ്കില്‍ പിന്നെ -
ഒന്നുമെന്തിന്‌ ??
കുട്ടിയപ്പോള്‍ തെളിഞ്ഞ്‌ ചിരിച്ചു;
മുത്തച്ഛനും.

പിന്നെ -
അവരങ്ങനെ ചിരിച്ച്‌ ചിരിച്ച്‌...
ചിരിച്ച്‌ ചിരിച്ച്‌...

Friday, July 25, 2008

മഴയും നീയും


ആദ്യം പെയ്‌തത്‌ നീയായിരുന്നു

പിന്നീടാണ്‌ചില്ലുവാതിലില്‍ മുട്ടി-ക്കാറ്റുവന്നത്‌;

മഴയെക്കുറിച്ച്‌ പറഞ്ഞത്‌.....

തണുപ്പിച്ച താപനിലയുള്ള ഈ ശയ്യാഗൃഹത്തില്

‍വീണ്ടുകീറിയ ചോളപ്പാടങ്ങളുടെവേനലായിരുന്നു.ആദ്യം നീ....

മയങ്ങിയ നിന്റെ കണ്ണുകളില്‍

പതിരുകളുടെ മാത്രംഒരു കൊയ്‌ത്തുകാലം....

പാതിരാവിലാണ്‌,നീ പെയ്‌തുതുടങ്ങിയത്‌;

നിന്റെ നിശ്വാസത്തിന്റെ-നനുത്ത ചൂടാണ്‌അപ്പോള്‍

സൂര്യകാന്തികളെക്കുറിച്ച്‌ പറഞ്ഞത്‌.

മഞ്ഞയുടെ വസന്തത്തിലൂടെകുതിരയോട്ടി വന്ന

മഞ്ഞമുഖമുള്ള നിന്റെ കാമുകനെക്കുറിച്ചും;

നിറങ്ങളുടെയും,മധുരപലഹാരങ്ങളുടെയും ഒരുത്സവക്കാലത്ത്‌

അറിയാതെ തട്ടിത്തൂവിപ്പോയൊരു-

ചുവന്ന ചായപ്പാത്രത്തെക്കുറിച്ചും...

പിന്നീടെപ്പൊഴോ

സൂര്യകാന്തിത്തലപ്പുകളിലെ വസന്തം

കാട്ടുതീയായെരിഞ്ഞു പടര്‍ന്നതും

സൂര്യകാന്തികളുടെ പട്ടടയില്

‍കുതിരയും കൂട്ടുകാരനുമൊടുങ്ങിപ്പോയതും...

............................................

നീ പെയ്‌തു തോരുമ്പോഴാണ്‌കാറ്റു വന്നത്‌.

വാതിലില്‍ ആഞ്ഞുമുട്ടിമഴവരവുണ്ടെന്ന്‌ പറഞ്ഞത്‌....

പിന്നെ, വാതില്‍ച്ചില്ലില്‍-മഴവിരലുകളുടെ ദ്രുതതാളങ്ങള്‍....,

മരച്ചില്ലകളില്‍

മഴയുടെ ഗാന്ധാരങ്ങള്‍....

എന്റെ കരിമ്പടത്തിനുള്ളിലെ-ഇരുട്ടില്‍,

തിളങ്ങുന്ന നിന്റെ കണ്ണുകളില്‍,

കത്തിയെരിയുന്നൊരു സൂര്യകാന്തിപ്പാടം.

പിന്നെ,പുടവഞൊറികളില്‍ പൂത്ത സൂര്യകാന്തിപ്പൂക്കളെ

കുടഞ്ഞെറിയാനാകാതെ

ഇടറിയോടുന്നമെല്ലിച്ചൊരു പെണ്‍കുട്ടി....