Friday, July 25, 2008

മഴയും നീയും


ആദ്യം പെയ്‌തത്‌ നീയായിരുന്നു

പിന്നീടാണ്‌ചില്ലുവാതിലില്‍ മുട്ടി-ക്കാറ്റുവന്നത്‌;

മഴയെക്കുറിച്ച്‌ പറഞ്ഞത്‌.....

തണുപ്പിച്ച താപനിലയുള്ള ഈ ശയ്യാഗൃഹത്തില്

‍വീണ്ടുകീറിയ ചോളപ്പാടങ്ങളുടെവേനലായിരുന്നു.ആദ്യം നീ....

മയങ്ങിയ നിന്റെ കണ്ണുകളില്‍

പതിരുകളുടെ മാത്രംഒരു കൊയ്‌ത്തുകാലം....

പാതിരാവിലാണ്‌,നീ പെയ്‌തുതുടങ്ങിയത്‌;

നിന്റെ നിശ്വാസത്തിന്റെ-നനുത്ത ചൂടാണ്‌അപ്പോള്‍

സൂര്യകാന്തികളെക്കുറിച്ച്‌ പറഞ്ഞത്‌.

മഞ്ഞയുടെ വസന്തത്തിലൂടെകുതിരയോട്ടി വന്ന

മഞ്ഞമുഖമുള്ള നിന്റെ കാമുകനെക്കുറിച്ചും;

നിറങ്ങളുടെയും,മധുരപലഹാരങ്ങളുടെയും ഒരുത്സവക്കാലത്ത്‌

അറിയാതെ തട്ടിത്തൂവിപ്പോയൊരു-

ചുവന്ന ചായപ്പാത്രത്തെക്കുറിച്ചും...

പിന്നീടെപ്പൊഴോ

സൂര്യകാന്തിത്തലപ്പുകളിലെ വസന്തം

കാട്ടുതീയായെരിഞ്ഞു പടര്‍ന്നതും

സൂര്യകാന്തികളുടെ പട്ടടയില്

‍കുതിരയും കൂട്ടുകാരനുമൊടുങ്ങിപ്പോയതും...

............................................

നീ പെയ്‌തു തോരുമ്പോഴാണ്‌കാറ്റു വന്നത്‌.

വാതിലില്‍ ആഞ്ഞുമുട്ടിമഴവരവുണ്ടെന്ന്‌ പറഞ്ഞത്‌....

പിന്നെ, വാതില്‍ച്ചില്ലില്‍-മഴവിരലുകളുടെ ദ്രുതതാളങ്ങള്‍....,

മരച്ചില്ലകളില്‍

മഴയുടെ ഗാന്ധാരങ്ങള്‍....

എന്റെ കരിമ്പടത്തിനുള്ളിലെ-ഇരുട്ടില്‍,

തിളങ്ങുന്ന നിന്റെ കണ്ണുകളില്‍,

കത്തിയെരിയുന്നൊരു സൂര്യകാന്തിപ്പാടം.

പിന്നെ,പുടവഞൊറികളില്‍ പൂത്ത സൂര്യകാന്തിപ്പൂക്കളെ

കുടഞ്ഞെറിയാനാകാതെ

ഇടറിയോടുന്നമെല്ലിച്ചൊരു പെണ്‍കുട്ടി....

No comments: