ആകാശചാരികളുടെ ഇടത്താവളത്തിലിരുന്ന്,
കാപ്പിയും വിരഹശ്രുതികളും നുണഞ്ഞ്,
നമ്മള്‍.....
നീ ഇരുണ്ട് കൂടിയിരുന്നു.
നിന്റെ നിശബ്‌ദത വിറയ്‌ക്കുന്നുണ്ടായിരുന്നു.
എന്റെ കാടുകള്‍ക്ക് തീ പിടിക്കുന്നുണ്ടെന്ന്,
എന്റെ പുഴകളിലുരുള്‍പൊട്ടുന്നുണ്ടെന്ന്
അപ്പോള്‍ നീയറിഞ്ഞിരുന്നു.
മൗനം തന്നെയായിരുന്നല്ലോനമുക്കെപ്പോഴും ഭാഷ
എന്റെ വരണ്ടമണ്ണില്‍
നീ വരച്ചിട്ട വിരല്‍ചിത്രങ്ങള്
അതില്‍നീ നട്ടുവളര്‍ത്തിയ പേരറിയാക്കാട്
നീ പെയ്‌ത മഴക്കാലങ്ങള്
ഒന്നും തിരികെ ചോദിക്കാനാവില്ലെന്ന്
അപ്പോള്‍ നിനക്കറിയാമായിരുന്നു.
മടക്കിത്തരാനാവില്ലെന്ന് എനിക്കും.
അത് കൊണ്ട്‌നിന്റെ വിമാനത്തിന് കാത്ത്
നമ്മള്‍ നിശബ്‌ദരായി.
ഇടയ്‌ക്കെപ്പൊഴോ നീയെന്തോ പറഞ്ഞിരുന്നു
എവിടെയോ കൂടുങ്ങി
ആ വാക്കിന്റെ ഉടല്‍ മുറിഞ്ഞിരുന്നത് കൊണ്ട്
ഞാനത് വ്യക്തമായി കേട്ടില്ല
എങ്കിലും,
ആ വാക്ക്-ഇനിയും നീ ഉച്ചരിക്കാതിരുന്നെങ്കിലെന്ന്
ഞാനപ്പോള്‍ പ്രാര്‍ത്ഥിച്ചു.
കാരണം അതില്‍ നിന്ന് ചോരചീറ്റുന്നുണ്ടായിരുന്നു.
ഇന്ന്, നീ ഉപേക്ഷിച്ചു പോയ
നിന്റെ വളര്‍ത്ത് കാടിന്റെ തീരങ്ങളില്‍ നിന്ന്
ഞാനൊരുപാട് നടന്നിരക്കുന്നു.
എങ്കിലും നിന്റെ കാടിന്റെ സൗമ്യഋതുക്കളെ സ്വപ്‌നം കണ്ട്,
അതിന്റെ സുഗന്ധങ്ങള്‍ മണത്ത്
ഇന്നും ഞാന്‍ നിന്നെയോര്‍ക്കുന്നു
പിന്നെനീ സമ്മാനിച്ച ഏതോ മണ്ണിന്റെ പുഴകളിലൂടെ
എന്റെ കപ്പലോട്ടങ്ങള്
അതിന്റെ കാട്ടുവഴികളിലൂടെ
എന്റെ വേട്ടകള്‍
നിന്റെ ആകാശങ്ങളില്
എന്റെ രാത്രി സഞ്ചാരങ്ങള്‍
എനിക്ക് ചുറ്റും നിന്റെ മാത്രം ഗന്ധങ്ങള്‍....
വാക്കിടറിയത് കൊണ്ടല്ല
വിരല്‍ മുറിയുന്നതു കൊണ്ടാണ് നിര്‍ത്തുന്നത്.
ഓ അത് പറഞ്ഞില്ലല്ലോ
നീ മറന്ന കോഴിക്കുഞ്ഞുങ്ങള്‍
മുത്തിമാരായതറിഞ്ഞില്ലല്ലോ
നീ നട്ടചെറുനാരകം
പൂക്കാന്‍ തുടങ്ങിയതുമറിഞ്ഞില്ലല്ലോ.
നിന്റെ പൂച്ചക്കുറിഞ്ഞി പുഴമുങ്ങിമറഞ്ഞതും
നിന്റെ കുഞ്ഞാടിനെ അറവുകാരനെടുത്തതും മാത്രം
പക്ഷേ, നിന്നെ ഞാനറിയിക്കില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment